ആധാര്‍ രജിസ്‌ട്രേഷന്‍ ചേര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്‍ഡ് വിതരണത്തിന് ബാങ്ക് അക്കൗണ്ടില്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയതോടെ അര്‍ഹരായ വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍. ആധാര്‍ നമ്പര്‍ ലഭ്യമായിട്ടും ബാങ്ക് അക്കൗണ്ടിനോടൊപ്പം അവ ചേര്‍ക്കാന്‍ കഴിയുന്നില്ല. ആധാര്‍ നമ്പര്‍ ചേര്‍ക്കാനെത്തുന്ന വിദ്യാര്‍ഥികളെ പല കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ മടക്കി അയക്കുന്നതാണ് പ്രധാന പ്രശ്‌നമെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. പട്ടികജാതി, പട്ടിക വിഭാഗം, ഒ.ഇ.സി, മുസ്‌ലിം, മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ ദുര്യോഗം.




ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഇ-ഗ്രാന്‍ഡ്‌സ് വഴി വിവരങ്ങള്‍ നിശ്ചിത വകുപ്പിനെ അറിയിക്കേണ്ടതുണ്ട്. 15 ആണ് ഇതിനുള്ള അവസാന തീയതി. ഇ-ഗ്രാന്‍ഡ്‌സ് വഴിയുള്ള രജിസ്‌ട്രേഷന്‍ വൈകുന്നത് വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഗ്രാന്‍ഡ് നഷ്ടമാക്കിയേക്കും. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ ക്ലാസ്‌പോലും കളഞ്ഞാണ് അക്കൗണ്ടില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ ബാങ്കിലെത്തുന്നത്. വേണ്ടത്ര രേഖകള്‍ ഇല്ലെന്ന കാരണം പറഞ്ഞാണ് വിദ്യാര്‍ഥികളെ ബാങ്കുകാര്‍ മടക്കുന്നത്. ഇതുമൂലം അവസാന ദിവസം രേഖകള്‍ സംഘടിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ ഓടിത്തളരുകയാണ്.

No comments: